
പൊയ്കയില്‍ യോഹന്നാനും, വൈകുണ്ഠസ്വാമിയും, ബ്രഹ്മാനന്ദ ശിവയോഗിയും, മഹാത്മാ അയ്യന്‍കാളിയും ശ്രീനാരായണഗുരുവു മൊക്കെയല്ലാതെ പിന്നെ ആരാണ് കേരളത്തിലെ ജനത്തിന്റെ സ്വാതന്ത്ര്യ ത്തിനുവേണ്ടി പോരാടിയത്? ഒരു കാര്യം ശരിയാണ് അവര്‍ ആര്‍ക്കു വേണ്ടി പോരാടിയോ ആ ജനത്തിന് ഇന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. അതുകൊണ്ട് അവര്‍ നടത്തിയത് സ്വാതന്ത്ര്യസമരം അല്ലാതാകുമോ? 1857ല്‍ ബ്രിട്ടീഷിന്ത്യന്‍ പട്ടാളത്തിലെ ശിപായികളില്‍ ഒരു വിഭാഗം ബ്രിട്ടീഷ് മേധാവിത്വ ത്തിനെതിരായി സമരം ചെയ്തു. അത് പരാജയ പ്പെട്ടു. പക്ഷേ ഇന്നും അതിനെ ഒന്നാം സ്വാതന്ത്ര്യസമരം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു സമരം സ്വാതന്ത്ര്യസമരമാകണ മെങ്കില്‍ അത് വിജയിച്ചിരിക്കണമെന്നില്ല. സ്വാതന്ത്ര്യത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള താകണം എന്നു മാത്രം. അങ്ങനെയെങ്കില്‍ വൈകുണ്ഠ സ്വാമികളും, ശ്രീനാരായണഗുരുവും, അയ്യന്‍കാളിയും, യോഹന്നാന്‍ ഉപദേശിയുമെല്ലാം നയിച്ച സമരങ്ങള്‍ സ്വാതന്ത്ര്യ സമരങ്ങളായിരുന്നു. അതൊന്നും ചേര്‍ക്കാതെ ഇവിടെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയാല്‍ ആ ഗ്രന്ഥങ്ങളെ എങ്ങനെയാണ് വിളിക്കേണ്ടത്? എഴുതിയത് ശ്രീധരമേനോനാ യാലും, ഇ.എം.എസായാലും, എം.ജി.എസ്. നാരായണനായാലും അവയെ വിളിക്കേണ്ടത് 'ചരിത്ര വ്യഭിചാര ങ്ങള്‍'എന്നാണ്. സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ നിന്നുള്ള മോചനം മാത്രമാണോ? നാട്ടുകാരുടെ നുകത്തിന്‍ കീഴില്‍നിന്നുള്ള മോചനം സ്വാതന്ത്ര്യമല്ലേ? തിരുവിതാംകൂറിലും കൊച്ചിയിലും ആരാണ് ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരെ പോരാടിയത്? ഇവിടെ സമരം സര്‍.സി.പി.രാമ സ്വാമി എന്ന ദിവാനെതിരായിട്ടുള്ളതായിരുന്നില്ലേ?
1947 ആഗസ്റ്റ് 15 വരെ ഇംഗ്ലീഷുകാര്‍ കേരളത്തെ കൊള്ളയടിച്ചി രുന്നു. 1805 മുതല്‍ അവര്‍ ആണ്ടില്‍ എട്ടു ലക്ഷം രൂപ തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്നും ഈടാക്കിയിരുന്നു. അതുപോലൊരു തുക കൊച്ചി യില്‍ നിന്നും അവര്‍ വാങ്ങിയിരുന്നു. മലബാര്‍ അവരുടെ നേരിട്ടുള്ള ഭരണത്തിലുമായിരുന്നു. അവിടെ നികുതി പിരിച്ചിരുന്നതും അവര്‍ നേരിട്ടായിരുന്നു. അവര്‍ നെപ്പോളിയന്റെ യുദ്ധകാലത്ത് നമ്മുടെ വനങ്ങളിലുണ്ടായിരുന്ന നല്ല തേക്ക്‌വൃക്ഷങ്ങള്‍ മുഴുവനും വെട്ടിക്കൊണ്ടു പോയി കപ്പലുകള്‍ ഉണ്ടാക്കി. തിരുവിതാംകൂര്‍ കൊച്ചി സര്‍ക്കാരുകള്‍ക്ക് ദൈനംദിനകാര്യങ്ങള്‍ ഒഴികെ എന്തുചെയ്യണമെങ്കിലും അവരുടെ പ്രതിനിധിയായി ഇവിടെ താമസിച്ചിരുന്ന റസിഡണ്ടിന്റെ അനുവാദം ആവശ്യമായിരുന്നു. അങ്ങനെയെല്ലാം അധീശത്വം പുലര്‍ത്തിയിരുന്ന അവരെ പറഞ്ഞുവിട്ട് ആ സ്ഥാനത്ത് നാട്ടുകാരായ കുറച്ചു ആളുകള്‍ കയറിക്കൂടി അവരേക്കാള്‍ ഏറെ കൊള്ള നടത്താനുള്ള അവകാശം നേടി എടുത്തതിനെയാണ് ഇപ്പോള്‍ ഇവിടെ സ്വാതന്ത്ര്യം എന്നു പറയുന്നത്. അത് നേടി എടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സ്വാതന്ത്ര്യ സമരങ്ങള്‍. ഇവിടത്തെ സാധാരണ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും അടിമ അടിയാളര്‍ വര്‍ഗ്ഗങ്ങളുടെ സന്തതികള്‍ക്ക് ആ സ്വാതന്ത്ര്യലബ്ധികൊണ്ട് എന്ത് മെച്ചമുണ്ടായി?
ഇന്നിവിടെ അയിത്തമില്ല, ഉച്ചനീചത്വമില്ല എന്നെല്ലാം ഭരണഘടനയില്‍ പറയുന്നുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനമായ ജാതി ആ ഭരണഘടന യില്‍ നിരോധിച്ചിട്ടില്ല. ജാതിയുടെ അടിസ്ഥാനത്തിലാണ് സംവരണം ഭരണഘടനയില്‍ നിലനിറുത്തിയിരിക്കുന്നത് തന്നെ. കേവലം പത്തു വര്‍ഷം കൊണ്ട് അതെല്ലാം അവസാനിപ്പിക്കാം എന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ അറുപത് വര്‍ഷം കഴിഞ്ഞിട്ടും കൂടുതല്‍ രൂക്ഷതയോടെ അതെല്ലാം അനുഭവപ്പെടുക യാണിന്ന്. എന്നിട്ടും സ്വാതന്ത്ര്യം ലഭിച്ചു എന്ന് ഓരിയിടുകയും ചെയ്യുന്നു. എല്ലാ ആഗസ്റ്റ് 15-ാം തീയതിയും അതാവര്‍ത്തിക്കുന്നു.
അതേസമയം ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ അക്ഷരാഭ്യാസവും ബോധവല്‍ക്കരണവും നടത്തി അവരുടെ അന്ധവിശ്വാ സങ്ങളും അനാചരങ്ങളും ഒരു പരിധിവരെയെങ്കിലും ത്യജിച്ച് മനുഷ്യ നെപ്പോലെ ജീവിക്കാന്‍ അവര്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കിയവരെ ചരിത്രത്തിന്റെ താളുകളില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. അതാണ് ഇവിടെ ചരിത്രത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അനുവര്‍ത്തിക്കുന്ന നയം.
സ്വാതന്ത്ര്യം എന്നാല്‍ എന്ത് എന്ന് അറിഞ്ഞുകൂടാത്തവര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം എഴുതിയാല്‍ ഉണ്ടാകുന്ന അപകടം അതാണ്. അസ്വാതന്ത്ര്യം അനുഭവിച്ചവരോ അവരോട് മാനസികമായി ട്ടെങ്കിലും താദാത്മ്യപ്പെടാന്‍ തയ്യാറുള്ളവരോ വേണം സ്വാതന്ത്ര്യസമര ചരിത്രം എഴുതേണ്ടത്. മേനോന്‍മാരും അയ്യര്‍മാരും എന്ത് അസ്വാതന്ത്ര്യമാണ് ഇവിടെ അനുഭവിച്ചത്? ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ മണ്ണില്‍ ജീവിച്ചു വരുന്ന ഇവിടത്തെ ആദിവാസികളെ അവരുടെ വനസങ്കേത ങ്ങളില്‍ നിന്നും ആട്ടിപ്പായിക്കാനുള്ള ബ്രാഹ്മണിസ്റ്റുകളുടെ അധികാരല ബ്ധിയെയാണ് ഇന്നിവിടെ സ്വാതന്ത്ര്യമെന്ന് പലരും ഉല്‍ഘോഷിക്കുന്നത്. വയനാട്ടിലെയും ഇടുക്കിയിലെയും മറ്റും ആദിവാസി സഹോദരങ്ങള്‍ക്ക് ഇന്നാണോ സ്വാതന്ത്ര്യം? അതോ 1947 ആഗസ്റ്റ് 15ന് മുമ്പോ? അന്നവര്‍ നമ്മുടെ കാടുകളില്‍ സ്വതന്ത്രരായിരുന്നു. ഇന്ന് ആ കാടുകള്‍ എവിടെ, ഭൂമി എവിടെ? ഇന്നവര്‍ ഭൂമിക്കുവേണ്ടി മുത്തങ്ങായിലും ചെങ്ങറയിലും അങ്ങനെ പല സ്ഥലത്തും സമരം നടത്തുന്നു. ലഭിക്കുന്നത് മര്‍ദ്ദനവും വെടിയുമാണ്. അടിമത്തം നിരോധിച്ച് 23 വര്‍ഷത്തിന് ശേഷം ജനിച്ച കുമാരന്‍ സ്വതന്ത്രനായിരുന്നുവോ? ആ കുമാരന്‍ എങ്ങനെ യോഹന്നാ നായി? അത് കുമാരന്റെ സമ്മതത്തോടെ കുമാരന്‍ സ്വീകരിച്ച നടപടി യാണോ? അപ്പോള്‍ കുമാരന് സ്വാതന്ത്ര്യമുണ്ടായിരുന്നുവോ? യോഹന്നാന്‍ മരിച്ചതിനുശേഷം യോഹന്നാന്‍ കുമാരഗുരുദേവനായി. അത് ആരുടെ സമ്മതത്തോടെയാണ്? അപ്പോള്‍ എവിടെയാണ് ആര്‍ക്കാണ് സ്വാതന്ത്ര്യം? അങ്ങനെ ചെയ്യേണ്ടി വന്ന പരിതസ്ഥിതിയെപ്പറ്റിയും സന്ദര്‍ഭത്തെപ്പറ്റിയും മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ പരിതസ്ഥിതി നിലനില്‍ക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യമുണ്ട് എന്നു പറയുന്നത് നട്ടുച്ചയ്ക്ക് ഇരുട്ടാണ് എന്നു പറയുന്നതുപോലുള്ള വിഡ്ഢിത്വമല്ലേ? സ്വന്തം വിശ്വാസം അനുസരിച്ച് ഇഷ്ടമുള്ള പേരിട്ട് ജീവിക്കാന്‍ പറ്റാത്ത രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നും അത് സ്വതന്ത്രരാജ്യമാണ് എന്ന് പറയുന്നതും അസത്യമല്ലേ? കുമാരന് 15 വര്‍ഷം മുമ്പ് ജനിച്ച അയ്യന്‍കാളിക്ക് അക്ഷരം അറിഞ്ഞുകൂടായിരുന്നു. എങ്കിലും അദ്ദേഹം 25 വര്‍ഷം തിരുവിതാംകൂര്‍ നിയമസഭയില്‍ മെമ്പറായിരുന്നു. അദ്ദേഹം ജനിച്ചത് സ്വതന്ത്രനായിട്ടായിരുന്നു. സ്വന്തം പിതാവിന്റെ വക മണ്ണില്‍. കുമാരന്‍ ശങ്കരമംഗലത്തുകാരുടെ മണ്ണിലാണ് ജനിച്ചത്. അടിമ അല്ലെങ്കിലും അടിയാനായിരുന്നു. അവര്‍ പറയുന്ന ജോലി ചെയ്യണം. അവര്‍ പറയുന്ന മതത്തില്‍ വിശ്വസിക്കണം. അങ്ങനെ കുമാരന്‍ യോഹന്നാനായി. കാലിചെറുക്കനായി. അതായിരുന്നു കുമാരന്റെ സ്വാതന്ത്ര്യം. അവിടെ നിന്നുകൊണ്ടായിരുന്നു കുമാരന്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയത്. പക്ഷേ അതൊന്നും സ്വാതന്ത്ര്യസമരമല്ലപോലും.
അടിമയോല
അടിമയുടെ സ്വാതന്ത്ര്യം അറിയണമെങ്കില്‍ അന്ന് നടന്ന ഒരു അടിമ വ്യാപാരത്തിന്റെ ഓല വായിച്ചാല്‍ മതി. 1844 ല്‍ ഇവിടെ അടിമത്ത നിരോധന വിളംബരത്തിന് 11 വര്‍ഷം മുമ്പ് നടന്നതാണ് ആ കച്ചവടം.
'1019-ാമാണ്ട് തുലാമാസം 5-ാം തീയതി ഞായറാഴ്ച എഴുതിയ ആള്‍ക്കാരാഴ്മ ഓലക്കരണമാവിത്.'
മാകോതേവര്‍ പട്ടണം മുതല്‍ കാരയ്ക്കല്‍ ദേശത്ത് വടക്കേടത്ത് വീട്ടില്‍ കുടിയിരിക്കും രാമന്‍ കൊച്ചുകുഞ്ഞ് തനിക്ക് മുമ്പ് 980ാ-മാണ്ട് ചിങ്ങം 17-ാം തീയതി ഞായറാഴ്ച ടി ദേശത്ത് ചെറുകോട്ടുമങ്ങാട്ട് ഇരവി കൃഷ്ണ നോട് എഴുതി കാരാഴ്മ വാങ്ങിച്ച പുലയാള്‍ വകയില്‍ ചിരുത എന്ന പുലക്കള്ളിയേയും അവളുടെ മകന്‍ ചോതി എന്ന കിടാത്തനേയും കൂടെ.
പള്ളംകരയില്‍ വടക്കേകണ്ണം പുറത്ത് വര്‍ക്കി ചാക്കോ യിക്ക് നാലുപേര് കണ്ടു പറഞ്ഞ മഞ്ഞമൊഴിയൊത്ത ആള്‍ ഖാരാഴ്മ പൊന്നും വാങ്ങി ക്കൊണ്ട് ആള്‍ ഖാരാഴ്മയാകെ എഴുതികൊടുത്ത രാമന്‍ കൊച്ചുകുഞ്ഞ്.
തനിക്കുള്ള പുലയാള്‍ വകയില്‍ ചിരുത എന്ന പുലക്കള്ളി യേയും അവളുടെ മകന്‍ ചോതി എന്ന കിടാത്തനേയും കൂടി നാലു പേര് കണ്ടു പറഞ്ഞു മഞ്ഞമൊഴിയൊത്ത ആള്‍ ഖാരാഴ്മ എഴുതി കൊടുത്താന്‍ വര്‍ക്കി ചാക്കോ രാമന്‍ കൊച്ചുകുഞ്ഞി നെക്കൊണ്ട്.
അമ്മാര്‍ഗമേ ഈ ആള്‍ വില്‍ക്കകില്‍ വിലക്കുമാറും കൊല്ലുകില്‍ കൊലയ്ക്ക് മാറും കെട്ടും പൂട്ടും അടക്കി ആള്‍ക്കാ രാഴ്മായാകെ എഴുതി കൊടുത്താന്‍ രാമന്‍ കൊച്ചുകുഞ്ഞ് വര്‍ക്കി ചാക്കോയും ഇമ്മാര്‍ഗ്ഗമേ ഇയാള്‍ വില്‍ക്കുകില്‍ വിക്കുമാറും കൊല്ലുകില്‍ കൊലയ്ക്കുമാറും കെട്ടും പൂട്ടും അടക്കി ആള്‍ ഖാരായ്മയാകെ അടക്കി എഴുതികൊടുത്താന്‍ വര്‍ക്കി ചാക്കോ രാമന്‍ കൊച്ചുകുഞ്ഞിനെക്കൊണ്ട.
അമ്മാര്‍ഗമേ ഈ ഖാരാഴ്ക ഓല കയ്യെഴുതുന്നതിന് നടുവെഴുത്തില്‍ തെരക്കിയാറെ ഓല വന്നിട്ടില്ലാത്തതിനാല്‍ വരുമ്പോള്‍ അച്ചടി ഓലയില്‍ മാറി എഴുതിക്കൊള്ളുമാറ് സമ്മതിച്ച് ഈ ആള്‍ ഖാരാഴ്മ ഓല കയ്യെഴുതുന്നതിന് സമ്മതിച്ച് കാരക്കല്‍ മുറിയില്‍ പുറമറ്റത്ത് ഇട്ടി ഐക്കരത്തടത്തി ഇട്ടി ചെറിയാന്‍.'
ഇതായിരുന്നു ഇവിടുത്തെ സ്വാതന്ത്ര്യം.
ഇവിടത്തെ മേനോന്‍ ചരിത്രകാരന്‍മാരുടെ ദൃഷ്ടിയില്‍ വേലുത്തമ്പി ദളവായും പഴശ്ശിരാജായും രാജാ കേശവദാസനും പാലിയത്ത് അച്ഛനും മറ്റുമാണ് സ്വാതന്ത്ര്യ സമര നായകന്‍മാര്‍. ഇംഗ്ലീഷുകാര്‍ക്ക് ദാസ്യവേല ചെയ്ത് അവരില്‍ നിന്നും പട്ടുടയാടയും പടവാളും സമ്മാനം നേടി അവരെ രാജ്യത്തിന്റെ തെക്കും വടക്കും ഉറപ്പിച്ചിട്ടും തങ്ങളുടെ ഏജന്റുപണിക്ക് മതിയായ കൂലി ലഭിക്കാതെ വന്നപ്പോള്‍ മുന്നരിശവും തമ്പുരാന്‍ മനോഭാവവും കൊണ്ട് അവരോട് വഴക്കുണ്ടാക്കി ജീവിതം തുലച്ച കൂപമണ്ഡൂകങ്ങളായ ദളവായും രാജായും മറ്റുമാണ് ഇവിടത്തെ മേനോന്‍ ചരിത്രകാരന്‍മാരുടെ ദൃഷ്ടിയില്‍ സ്വാതന്ത്ര്യസമരനായകന്‍മാര്‍. അവര്‍ നേടാന്‍ ശ്രമിച്ച സ്വാതന്ത്ര്യം എന്താണ്? നാട്ടുകാരനായ ടിപ്പു സുല്‍ത്താനില്‍ നിന്നും നാടിന്റെ ഭരണം പഴശ്ശിയും കൂടി ശ്രമിച്ചു ഇംഗ്ലീഷുകാരെ ഏല്‍പ്പിച്ചു. നാട്ടുകാരനായ തിരുവിതാംകൂര്‍ രാജാവ് ഇംഗ്ലീഷുകാര്‍ക്ക് ആണ്ടില്‍ നാലുലക്ഷം രൂപാ കപ്പം കൊടുത്തു കൊണ്ടിരുന്നത് വേലുത്തമ്പി ഇടപെട്ട് എട്ടുലക്ഷമാക്കി. ശൂദ്ര പരിഷയ്ക്ക് താഴെയുള്ളവരുടെ സഹായം കൂടാതെ ഇംഗ്ലീഷുകാരെ ഓടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍തന്നെ ഭരിച്ചോട്ടെ; എന്നാലും ചണ്ഡാലരെ ഒരിടത്തും അടുപ്പിക്കരുത്. അതായിരുന്നു വേലുത്തമ്പിയുടെ കുണ്ടറ വിളംബര സ്വപ്നം. തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു കൊണ്ട് ബ്രിട്ടീഷിന്ത്യാ സര്‍ക്കാരിന്റെ സമ്മാനം വാങ്ങുന്ന രാജകേശവ ദാസനാണ് ഇവിടത്തെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം. തിരുവിതാംകൂറിനെ അപ്പാടെ വിഴുങ്ങാന്‍ കാത്തിരിക്കുകയായിരുന്നു അന്ന് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പിനി. ടിപ്പുവിന്റെ ആക്രമണകാലത്ത് തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സൈന്യം വന്ന് നോക്കിനിന്നതിന് അവര്‍ക്ക് നോക്കുകൂലി കൊടുക്കുക മാത്രമല്ല അത് വര്‍ഷം തോറും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത മഹാശയനാണ് രാജകേശവ ദാസന്‍. അയല്‍ വീട്ടിലെ പട്ടിക്ക് തീറ്റി കൊടുക്കുന്നതിന്റെ ലക്ഷ്യം എന്താണ്? ആ ചീഞ്ഞ മത്തി വാങ്ങി മൂക്കറ്റം ശാപ്പിടാന്‍ ഒരു മടിയുമില്ലാതിരുന്നവനാണ് തിരുവിതാംകൂര്‍ ദിവാന്‍. അതിന്റെ ബാക്കിയാണ് ആ വലിയ ദിവാന്‍ജി അണിഞ്ഞു നടന്നിരുന്ന പട്ടുപാവാടയും പടവാളും.
അവരുടെ മൂന്നുപേരുടെയും രാജ്യ ദ്രോഹം വ്യക്തമായി ചര്‍ച്ച ചെയ്യുന്നതിന് മൂന്ന് ഗ്രന്ഥങ്ങള്‍ ഞാന്‍ രചിച്ചിട്ടുണ്ട്. വേലുത്തമ്പി, പഴശ്ശിരാജാ കേരള മിര്‍ജാഫര്‍, രാജാ കേശവദാസന്‍ ഒരു പുനര്‍വായന. അവരുടെ കഥകള്‍ വര്‍ണ്ണിക്കുന്ന ചരിത്രകാരന്‍മാരുടെ നീണ്ട ചങ്ങലയി ലെ ഒരു കണ്ണിമാത്രമാണ് ശ്രീധരമേനോന്‍. അപ്പുറത്ത് പത്മനാഭമേനോനും അതിനും അപ്പുറത്ത് ശങ്കുണ്ണിമേനോനും പിന്നെ പ്രൊ. പി.കെ.കെ. മേനോനേപ്പോലുള്ള ഞാഞ്ഞൂലുകളും അങ്ങനെ ഒരു നീണ്ട നിരതന്നെ യുണ്ട്. അവരാണ് ഇവിടെ ചരിത്രം നിര്‍മ്മിച്ചുകൊണ്ടി രിക്കുന്നത്.
അവര്‍ ചരിത്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് ഒരു ചണ്ഡാലന്‍ കയറി നിന്ന് എന്റെ ജനത്തിന്റെ ചരിത്രം കാണുന്നില്ലെന്ന് ആക്രോശിക്കുന്നത്. ചരിത്രത്തിന് ജനതയുടെ വളര്‍ച്ചയിലുള്ള സ്വാധീനത മേനോന്‍ ചരിത്രകാരന്‍മാരെപ്പോലെയോ അതിലേറേയോ അദ്ദേഹത്തിന് കാണുവാന്‍ കഴിഞ്ഞു എന്നത് നിസാരമായി തള്ളിക്കള യാവുന്നതല്ല. ചണ്ഡാല ജനതയുടെ മോചനത്തിന് അവശ്യം ആവശ്യമായത് ബോധ വല്‍ക്കരണമാണ്. ബോധവല്‍ക്കരണത്തിനുള്ള മാര്‍ഗ്ഗം അക്ഷരാഭ്യാസവും ചരിത്രബോധവുമാണ്. ആദ്യമായിട്ടല്ലെങ്കിലും പ്രധാനമായി ദലിതരുടെ വിദ്യാഭ്യാസത്തിന് നേതൃത്വം കൊടുത്തത് യോഹന്നാന്‍ ഉപദേശിയാണ്. ഇന്നും അത് തുടരുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. യോഹന്നാന്‍ പ്രസ്ഥാനത്തിന്റെ അടുത്ത ലക്ഷ്യം ചരിത്രബോധവല്‍ക്കണരമാണ്. അത് മുന്‍കൂട്ടി കണ്ട് അതിന് തടയിടുവാനുള്ള ശ്രമം വിവിധ സവര്‍ണ്ണ മേഖലകളില്‍ ആരംഭിച്ചു കഴിഞ്ഞു.
അയ്യന്‍കാളി വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി സമരം വസ്ത്രങ്ങള്‍ ധരിച്ചവരെ കണ്ടാല്‍ അത് യോഹന്നാന്‍ ഉപദേശിയുടെ അനുയായികള്‍ എന്ന് സവര്‍ണ്ണര്‍ വിധി എഴുതും. അവര്‍ ക്രിസ്ത്യാനിക ളായതിനാല്‍ അവര്‍ക്ക് അയിത്തമില്ല. വഴി നടക്കാം. അതെല്ലാം കഴിഞ്ഞ് 1924 ലാണ് വൈക്കം സത്യാഗ്രഹം നടന്നത്. വൈക്കംസത്യാഗ്രഹവും പുന്നപ്ര-വയലാര്‍ സമരവും സ്വാതന്ത്ര്യസമരങ്ങളുടെ പട്ടികയില്‍ പെടുത്തണമെന്ന് വാദിക്കുന്നവര്‍ പോലും യോഹന്നാന്‍ ഉപദേശിയുടെ ശ്രമങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണാന്‍ തയ്യാറില്ല. അന്ന് ക്രിസ്ത്യാനിയായാല്‍ വഴി നടക്കാം, വസ്ത്രം ധരിക്കാം, അക്ഷരം പഠിക്കാം. അങ്ങനെ പലതും. ഇന്ന് ക്രിസ്ത്യാനിയായാല്‍ ഉദ്യോഗമില്ല, സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംവരണമില്ല, അസംബ്ലിയിലും പാര്‍ലമെ ന്റിലും പ്രാതിനിധ്യവുമില്ല; അങ്ങനെ പലതും. അതിനാല്‍ അന്ന് യോഹന്നാന്‍ ഉപദേശി. ഇന്ന് കുമാരഗുരുദേവന്‍. ഈ സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ എന്തെല്ലാം വേഷങ്ങള്‍ അണിയണം. എന്നിട്ട് ഇന്ത്യ സ്വതന്ത്രമാണ് പോലും.
ഇവിടെ ക്രിസ്ത്യാനിയാകുന്നത് ക്രിസ്തുവിന്റെ സന്ദേശമനു സരിച്ച് ജീവിക്കാനല്ല, സ്‌കൂളുകളും, കോളേജുകളും സ്ഥാപിച്ച് വ്യവസായം നടത്താനും പണം സമ്പാദിക്കാനുമാണ്. അതിനുവേണ്ടി രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നു. അതിനെതിരെ ഹിന്ദുസന്ദേശം ഉപയോഗിച്ച് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് വിനയായി ത്തീരുന്നു. അങ്ങനെ രണ്ട് സന്ദേശങ്ങളും ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടല്‍ കായികമാകുമ്പോള്‍ അതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് എന്നും ദലിതരാണ്. അതാണ് ഒറീസ്സായില്‍ സംഭവിച്ചത്.
No comments:
Post a Comment