Tuesday, 9 August 2016

തമിഴ് നാട്ടിലെ ദളിത് വിമോചനപ്പോരാട്ടത്തിന് തുടക്കമിട്ടത് അയോത്തീദാസപണ്ഡിതന്‍ അയോത്തിദാസ പണ്ഡിതന്‍:ഒരു മഹത്തായ കണ്ടെത്തല്‍ ജയമോഹന്‍


അയോത്തീദാസ പണ്ഡിതന്‍
തമിഴകത്തിലെ ദളിത് സമൂഹങ്ങള്‍ക്കും കേരള ത്തിലെ ദളിത് സമൂഹങ്ങള്‍ക്കും തമ്മില്‍ ചില അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. കേരള ത്തിലെ ദലിതര്‍ ഏതാണ്ട് മുഴുവനായിത്തന്നെ കേരളത്തിലെ മണ്ണിന്റെ മക്കളാണ്. കേരളത്തിലെ പൂര്‍വിക ജനത യാണിവര്‍ എന്നു പറയുന്നതു പോലും തെറ്റല്ല. മിക്കവാറും കൃഷിയോട് ബന്ധ പ്പെട്ടതാണ് ഇവരുടെ ജീവിതം. പക്ഷെ തമിഴ കത്തില്‍ ദളിതര്‍ പല തരക്കാരാണ്.പറയര്‍ തുടങ്ങിയ ജാതികള്‍ സംഘകാലം മുതല്‍ ഉള്ളതാണ്. പക്ഷെ ഇവര്‍ അന്ന് അധഃകൃത ജാതി യായിരുന്നില്ല. പിന്നീട് വടക്കേ ഇന്ത്യയില്‍ പടയോട്ടങ്ങള്‍ ഉണ്ടായകാലഘട്ടത്തില്‍ കര്‍ണാടക ത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഒരുപാട് സമൂഹങ്ങള്‍ തമിഴ്‌നാട്ടില്‍ കുടിയേറി പ്പാര്‍ക്കുകയുണ്ടായി. വിജയനഗര സാമ്രാജ്യം തമിഴകത്തെ കീഴ്‌പ്പെടുത്തിയപ്പോഴും വ്യാപകമായ രീതിയില്‍ കുടിയേറ്റം ഉണ്ടായിട്ടുണ്ട്.കുടിയേറ്റക്കാര്‍ രണ്ട് തരത്തില്‍ പെട്ടവരാണ്. അധികാരത്തിന്റെ തണലില്‍ ഇവിടെയെത്തുകയും ഭൂമി കയ്യേറുകയും ചെയ്തവര്‍ ഒന്നാമത്തെ കൂട്ടര്‍. തമിഴ്‌നാട്ടിലെ കന്നടയും, തെലുങ്കും സംസാരിക്കുന്ന ജാതികളില്‍ നല്ലൊരു ഭാഗം ഇങ്ങനെയെത്തിയവരാണ്.പൊതുവേ ഫലഭൂയിഷ്ടമായ ഭാഗങ്ങളില്‍ കുടിയേറ്റം കുറവാണ്.കാവേരി, പൈഗൈ, താമ്രവര്‍ണി തുടങ്ങിയ നദീതടങ്ങളില്‍ പുതു കുടിയേറ്റ ജാതികള്‍ വളരെ കുറവ്. ധര്‍മ്മപുരി, ശെങ്കല്‍പട്ട്, കോവില്‍പട്ടി തുടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് കുടിയേറ്റക്കാര്‍ കൂടുതലും എത്തിയത്. കുടിയേറ്റക്കാരില്‍ രണ്ടാമത്തെ കൂട്ടര്‍ പലതരം താഴ്ന്ന ജോലികള്‍ക്കായി കൊണ്ടു വന്ന ദളിത് സമൂഹങ്ങളാണ്.തമിഴകത്തിലെ ജനസംഘ്യയില്‍ ഏതാണ്ട് മൂന്നിലൊന്ന് അന്യഭാഷക്കാരാണ്. ദളിതരില്‍ പകുതിയിലധികവും.
തമിഴകത്തിലെ ദളിതരില്‍ പ്രധാനപ്പെട്ട രണ്ട് ജാതി കളാണ് പള്ളരും പറയരും. പള്ളര്‍ കൃഷിക്കാരും പറയര്‍ തുകല്‍പ് പണിക്കാരുമാണ്. പള്ളര്‍ ഇന്ന് അവരുടെ ജാതിയുടെ പേര് ദേവേന്ദ്രകുല വെള്ളാളര്‍ എന്നാണ് പറയുന്നത്. മള്ളര്‍ എന്നപേരാണ് പള്ളര്‍ എന്ന് മാറിയതെന്നും പറയുന്നു. പള്ളര്‍ പണ്ട് വളരെ പ്രാമാണിത്യം ഉള്ള ജാതിയായിരുന്നുവെന്നും കാല പ്പോക്കില്‍ അവരുടെ നിലങ്ങള്‍ വെള്ളാളര്‍ പിടിച്ചെടുത്ത് അവരെ അധഃകൃതരാക്കി മാറ്റിയതാണെന്നുമാണ് പറയപ്പെടുന്നത്. പറയര്‍ പറ എന്ന താളവാദ്യം വായിക്കുന്ന വരായിരുന്നു. വളരെ വിശുദ്ധ മായ ഒന്നായിട്ടാണ് പറ കരുത പ്പെട്ടിരുന്നത്. (പറ വെച്ചിരിക്കുന്ന മരം കൊണ്ടു പണിത പീഠത്തിന് മുരശ് കട്ടില്‍ എന്നാണ് പേര്. അതില്‍ ആരെങ്കിലും കാലുവെച്ചാല്‍ മരണമാണ് ശിക്ഷ എന്ന് പുറനാനൂറില്‍ മോശികീരനാരുടെ പാട്ടില്‍ നിന്ന് അറിയാന്‍ കഴിയും) കാലപ്പോക്കില്‍ ബ്രാഹ്മണ്യം ശക്തിപ്പെട്ടപ്പോഴാണ് കന്നുകാലികളുടെ തോലുരിക്കുന്നതിനും പറയുണ്ടാക്കി ക്കൊട്ടുന്നതും നിഷിദ്ധമായി മാറിയത്. തങ്ങള്‍ അധഃകൃതരായി മാറിയത് ഇങ്ങനെയാണെന്നാണ് ഇന്ന് പറയര്‍ക്ക് പറയാനുള്ളത്. പള്ളരും പറയരും ശുദ്ധമായ തമിഴ് ജാതികളാണ്. അവര്‍ക്ക് അവരുടെ പക്ഷത്തിലേക്ക് ഒരുപാട് തെളിവുകള്‍ നിരത്താനും കഴിയുന്നുണ്ട്. അവയെ അത്രയെളുപ്പം ആര്‍ക്കും നിഷേധിക്കാനുമാവില്ല. പുറത്തുനിന്ന് വന്നവരാണ് ശരിക്കും ദളിതര്‍ എന്നാണ് ഇവര്‍ പറയുന്നത്.ദേവേന്ദ്രകുല വെള്ളാളരുടെ ഒരു സംസ്ഥാന സമ്മേളനത്തില്‍ അവരെ ദളിതര്‍ എന്ന് വിളിക്കരുത് എന്ന തീരുമാനം കൈക്കൊള്ളുകയുണ്ടായി.

ചക്കാലിയര്‍ എന്നു പറയപ്പെടുന്ന ജാതിയാണ് പുറത്തു നിന്നു വന്ന ദളിതരില്‍ വലിയ ജാതി. ഇവരില്‍ തെലുങ്കു സംസാരിക്കുന്നവരും കന്നടം സംസാരിക്കുന്ന വരുമുണ്ട്. തോട്ടിപ്പണിയാണ് ഇവരുടേത്. ഇവര്‍ ഇവരുടെ ജാതിയെ ഇപ്പോള്‍ അരുന്ധതിയര്‍ എന്നാണ് പറയുന്നത്. ഇവരുടെ കുലത്തിന്റെ ഐതിഹ്യങ്ങളിലൊക്കെ ഈ ഒരു കാര്യം ഉണ്ടാകും. ഇവര്‍ പൂര്‍വ നാട്ടില്‍ ഉയര്‍ന്ന ജാതിക്കാരായ കൃഷിക്കാരായിരുന്നു. പട പേടിച്ച്, നാടുവിട്ടു വന്ന ഇടത്തിലാണ് താഴ്‌ന ജാതിക്കാര്‍ ആയത്.
മറ്റെല്ലാ ജാതികളെയുംകാള്‍ ദളിതരുടെ ഇടയില്‍ ജാതിഭേദം വളരെ ശക്തവും രൂക്ഷവുമാണ്. ജാതി അവരുടെ സ്വത്വത്തിന്റെ തന്നെ അടിത്തറയാണ്. ഇന്ന് തമിഴ്‌നാട്ടില്‍ ഓരോ ദളിത് ജാതിക്കും ശക്തമായ സംഘടനകള്‍ ഉണ്ട്.ദേവേന്ദ്രകുല വെള്ളാളര്‍ ഇന്ന് ഡോ. കൃഷ്ണസ്വാമിയുടെ നേതൃത്വത്തില്‍, പുതിയ തമിഴകം എന്ന ശക്തമായ രാഷ്ട്രീയ കക്ഷി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ തമിഴ്‌നാട്ടില്‍ ഇന്നും ഇവര്‍ക്ക് ഒരുമിച്ച് ഒരു ദളിത് പ്രസ്ഥാനം കെട്ടിയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഭാഷാപരമായും, സാംസ്‌കാരികമായും ദളിത് ജാതികളുടെ ഇടയിലുള്ള അന്തരമാണ് ഇതിനു കാരണം.
തമിഴ് നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തിന് ഒരു വെള്ളാള സ്വഭാവം ഉണ്ടായിരുന്നു. ബ്രാഹ്മണരുടെയും സംസ്‌കൃതത്തിന്റെയും അധികാരത്തിനെതിരായി രൂപം കൊണ്ട അബ്രാഹ്മണരുടെ സംഘവും തനിത്തമിഴ് പ്രസ്ഥാനവും ആണ് ദ്രാവിഡ പ്രസ്ഥാനത്തിന് കാരണമായത്. ഇവ രണ്ടും തന്നെ വള്ളാളരുടെ സംസ്‌കാരത്തില്‍ നിന്ന് മുളച്ചവയാണ്. ദ്രാവിഡ പ്രസ്ഥാനം ഉണ്ടാക്കിയ ഐതിഹ്യങ്ങളും ബംബങ്ങളും ഒക്കെത്തന്നെ ശൈവത്തിന്റെ കലവറയില്‍ നിന്നും എടുത്തവയാണ്. തമിഴെന്ന (തമിഴ് മാതാവ്) തിന്റെ ശില്‍പ്പം കണ്ടാല്‍ അത് ശിവകാമിയോ ഉമയോ അല്ലെന്നും പറയില്ല. ദ്രാവിഡ പ്രസ്ഥാനം പാടിപ്പുകഴ്ത്തിയ തമിഴകത്തിന്റെ സുവര്‍ണ കാലഘട്ടം-രാജരാജചോളന്റെയും സുന്ദരപാണ്ഡ്യന്റെയും കാലഘട്ടം-വെള്ളാളരുടെ സുവര്‍ണ കാലഘട്ടം ആയിരുന്നു.
20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ ദളിത് പ്രസ്ഥാനം ശക്തമായ ഒരു തുടക്കം കുറിച്ചു. അയോത്തീദാസ പണ്ഡിതന്‍, ഇരട്ടൈ മലൈ ശ്രീനിവാസന്‍ തുടങ്ങിയ പ്രഗത്ഭരായ നേതാക്കള്‍ അന്ന് ഉണ്ടായിരുന്നു. അവരുടെ കാലം കഴിഞ്ഞപ്പോള്‍ ദളിത് പ്രസ്ഥാനത്തിന്റെ വേലിയിറക്കം തുടങ്ങി. അതിന് ദ്രാവിഡ പ്രസ്ഥാനങ്ങളും ഒരു കാരണമായിരുന്നു. ഈ അടുത്തകാലം വരെ ദളിതുകള്‍ എംജിആറിന്റെ വോട്ട് ബാങ്കുകള്‍ ആയിരുന്നുവെങ്കിലും ദ്രാവിഡ പ്രസ്ഥാനത്തില്‍ അവര്‍ക്ക് ഒരു സ്ഥാനവും ഇല്ല. തമിഴ് ദേശീയത എന്ന സങ്കല്‍പ്പത്തില്‍ അന്യഭാഷക്കാരായ ദളിതുകള്‍ക്ക് എന്തു പങ്കാണ് ഉള്ളത്? എന്നാല്‍ 'പുരോഗമന സ്വഭാവം' ഉപേക്ഷിക്കാനാവാത്ത ദ്രാവിഡ പ്രസ്ഥാനത്തിന് ദളിതുകളെ ഒഴിവാക്കാനും കഴിയില്ല. അങ്ങിനെയാണ് അവര്‍ ദളിതുകള്‍ക്ക് 'ആദി ദ്രാവിഡര്‍' എന്നു പേരിട്ടത്. (ആദി തമിഴര്‍ അല്ല!) ഇന്ന് ദളിതന്‍ ദ്രാവിഡ പ്രസ്ഥാനങ്ങളില്‍ നിന്ന് പിരിഞ്ഞു പോവുകയാണ്. അവര്‍ ഭാഷയുടെ രാഷ്ട്രീയത്തില്‍ നിന്ന് വഴിമാറി വംശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നു. ഇത് ദ്രാവിഡ പ്രസ്ഥാനത്തെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് എംഎസ്എസ് പാണ്ഡ്യന്‍, എആര്‍ വെങ്കടാചലപതി, എസ് വി രാജദുരൈ, വി ഗീത തുടങ്ങിയ ദ്രാവിഡ പ്രസ്ഥാന ബുദ്ധിജീവികള്‍ പുതിയ 'പെരിയാരിസം' ഉണ്ടാക്കയെടുക്കാന്‍ ഓവര്‍ ടൈം പണിയെടുക്കുന്നത്. ഭാഷാപരമായ സങ്കുചിത വീക്ഷണം ഇല്ലാത്തവരും കൂടുതല്‍ വിശാലമായ ലോകദര്‍ശനം ഉള്ളതുമായ ഒരു പെരിയാരിസം ഉണ്ടാക്കാനാണ് ഇവരുടെ അധ്വാനം. പെരിയാരുടെ ഉദ്ധരണികള്‍ പെറുക്കിക്കൂട്ടിച്ചേര്‍ത്ത് വ്യാഖ്യാനിച്ച് ഇവര്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ശരിക്കും പറഞ്ഞാല്‍ ആറ്റു മണലിലെ ഉറവയില്‍ ജറ്റ് മോട്ടോര്‍ ഘടിപ്പിക്കാനുള്ള ശ്രമം മാത്രമാണിത്.
ഇന്ന് ദളിതര്‍ക്ക് തമിഴകത്ത് ആവശ്യ മായിട്ടുള്ളത് അവരുടെ ഉള്ളില്‍ തന്നെയുള്ള ജാതിയുടെ അടയാളങ്ങള്‍ക്ക് അതീതമായ ഒരു വലിയ വ്യക്തിയും, ജാതിയുടെ സാംസ്‌കാരിക ഭിന്നതകള്‍ക്ക് ഉപരിയായി നില്‍ക്കുന്ന ഒരു സിദ്ധാന്തവുമാണ്. അങ്ങിനെയാണ് ഈയിടയായി അയോത്തിദാസ പണ്ഡിതരുടെ മീതെ ശ്രദ്ധ ചെന്നു പതിച്ചത്.
പണ്ഡിതന്‍ ശ്രീലങ്കയില്‍ പോയി ദീക്ഷയെടുത്ത്
തിരിച്ച് മദ്രാസില്‍ എത്തിയപ്പോള്‍

അയോത്തിദാസ പണ്ഡിതര്‍ ജനിച്ചത് 1845 മെയ് 20 നാണ്. 1914ല്‍ മരിച്ചു. 1907മുതല്‍ 1914വരെ 7 കൊല്ലം അദ്ദേഹം തമിഴന്‍ എന്നു പേരുള്ള ഒരു വാരിക നടത്തി യിരുന്നു. അതിലൂടെ സമകാലിക മായ എല്ലാ പ്രശ്‌നങ്ങളോടും ശക്തിയായി പ്രതികരിച്ചിരുന്നു. തമിഴിലും പാലി ഭാഷയിലും അദ്ദേഹത്തിന് പാണ്ഡിത്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ പുരാതന തമിഴ് കൃതികള്‍ പലരും അച്ചടിക്കപ്പെട്ടിരുന്നില്ല. ഓലകളിലായിരുന്ന അവ ചിലരുടെ സ്വകാര്യ സ്വത്തായിട്ടാണ് സൂക്ഷിക്കപ്പെട്ടിരുന്നത്) എത്ര കഠിനമായ അധ്വാനം ഉണ്ടായിരുന്നിട്ടാവണം അന്ന് അത്തരം ഒരു പാണ്ഡിത്യം ഉണ്ടാകാന്‍ എന്ന് ഇന്ന് സങ്കല്‍പ്പിക്കുകകൂടി പ്രയാസമാണ്. അയോത്തീദാസ പണ്ഡിതരോട് തമിഴ് ജനത കാട്ടിയ അവഗണനയുടെ ചരിത്രം വരച്ചു കാട്ടുക എളുപ്പമല്ല. തീര്‍ച്ചയായും പാണ്ഡിത്യത്തിന്റെ കാര്യത്തില്‍ 20ആം നൂറ്റാണ്ടിലെ തമിഴ് പണ്ഡിതരില്‍ ഒന്നാം നിരക്കാരില്‍ തന്നെ അദ്ദേഹത്തെ ചേര്‍ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സമകാലികനായ യു പി സ്വാമിനാഥ അയ്യരുടെ ഓരോ അക്ഷരവും 30 കൊല്ലം മുമ്പുതന്നെ സമാഹരിക്കപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തിന് നിരവധി സ്മാരകങ്ങള്‍ ഉണ്ട്. ഒട്ടേറെ കൃതികളും അദ്ദേഹത്തെ കുറിച്ച് എഴുത പ്പെട്ടിട്ടുണ്ട്. പണ്ഡിതരുടെ സമകാലികനാണ് സുബ്രഹ്മണ്യ ഭാരതി.പണ്ഡിതരുടെ പല രചനകളും ഭാരതിയുടെ ചിന്തകള്‍ക്കുള്ള മറുപടിയാണ്. പക്ഷെ, ഭാരതിയുടെ ജീവചരിത്രമെഴുതിയവരും ഗവേഷകരും ഒരിക്കല്‍ പോലും പണ്ഡിതരെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല!ദ്രാവിഡ പ്രസ്ഥാനം പിന്നീട് സ്വന്തമാക്കിയ പല ആശയങ്ങളും ആദ്യമായി മുളച്ചത് പണ്ഡിതരുടെ ചിന്തയിലാണ്. തമിഴ് ജനതയെ ദ്രാവിഡര്‍ എന്നപൊതു അടയാളത്തില്‍ പരാമര്‍ശിച്ചത് അദ്ദേഹമാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ സംസ്‌കാരങ്ങളോട് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ തമിഴ് സംസ്‌കാരത്തിന് ചില പ്രത്യേകതകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിച്ചത് അദ്ദേഹമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുടെ സംസ്‌കാരങ്ങളോട് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ തമിഴ് സംസ്‌കാരത്തിന് ചില പ്രത്യേകതകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിച്ചത് അദ്ദേഹമാണ്. പക്ഷെ ഏതാണ്ട് 50 കൊല്ലം തമിഴ് നാട്ടില്‍ ആഞ്ഞടിച്ച ദ്രാവിഡ പ്രസ്ഥാനം പണ്ഡിതരെ കൂടുതല്‍ മറവിയിലേക്ക് തള്ളുകയാണ് ഉണ്ടായത്. മരിച്ച് 85 കൊല്ലം കഴിഞ്ഞ്, ദളിതുകള്‍ ഉണര്‍വും അവകാശബോധവും കൈവരിച്ച് സംഘടിച്ച് കഴിഞ്ഞതിനു ശേഷം, 1999ലാണ് പണ്ഡിതരുടെ കൃതികള്‍ ആദ്യമായി സമാഹരിക്കപ്പെടുന്നത്. ഇപ്പോള്‍ അവിടെയും ഇവിടെയുമായി പണ്ഡിതരുടെ ചില വരികള്‍ പെരിയാരും മറ്റും ഉദ്ധരിച്ചു ചൂണ്ടിക്കാട്ടി ദ്രാവിഡ പ്രസ്ഥാനം പണ്ഡിതരെ അവകാശപ്പെടുകയാണ്.
2 അടിസ്ഥാന കാരണങ്ങളിലാണ് ഇന്ന് പണ്ഡിതരുടെ ചിന്തകള്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. ദളിതുകളുടെ മോചനത്തെ ഒരു രാഷ്ട്രീയ പ്രശ്‌നമായി മാത്രം കാണുന്നതല്ല അദ്ദേഹത്തിന്റെ സമീപനം. അദ്ദേഹത്തെ സംബന്ധി ച്ചിടത്തോളം അത് ഒരു ആധ്യാത്മിക പ്രശനം കൂടിയാണ്. ഒരു ജനത ലൗകികമായ കാരണങ്ങല്‍ കൊണ്ട് മാത്രം അടിമയാകുന്നില്ല. അതിന് കൂടുതല്‍ ആഴത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ബ്രാഹ്മണ മതത്തിന്റെ അധികാരത്തിനെതിരായി ബുദ്ധ മതത്തിലേക്ക് നീങ്ങുകയാണ് പണ്ഡിതര്‍.തമിഴ് നാട്ടിലെ അധഃകൃത ജനതയുടെ ശരിക്കുള്ള മതം ബുദ്ധ മതമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. പക്ഷെ പണ്ഡിതരുടെ നോട്ടത്തില്‍ തമിഴ് നാട്ടിലെ ബുദ്ധമതം വടക്കേ ഇന്ത്യയിലെ ബുദ്ധ മതത്തില്‍ നിന്ന് വിഭിന്നമാണ്.
കരുണയെ ശക്തമായി മുമ്പോട്ടു വെക്കുന്നതും കൂടുതല്‍ കനിവുള്ള ദര്‍ശന സമ്പ്രദായം ഉള്ളതുമാണ് ഇവിടത്തെ ബുദ്ധ മതം. ഈ ബുദ്ധ മതത്തെ തമിഴിലെ പ്രമുഖ ബുദ്ധമഹാകാവ്യമായ 'മണിമേഖല'യില്‍ നിന്ന് കണ്ടെത്തുകയാണ് പണ്ഡിതര്‍. ഇതിനെ അദ്ദേഹം 'തമിഴ് ബൗദ്ധം' എന്നു പറയുന്നു. ആധ്യാത്മികമായ തലങ്ങളെ ഒട്ടും കണക്കിലെടുക്കാതെയാണ് ദ്രാവിഡ പ്രസ്ഥാനം സാമൂഹ്യ പ്രശ്‌നങ്ങളെ സമീപിച്ചത് എന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതാണ്. 25 കൊല്ലം കഴിയുന്നതിനുള്ളില്‍ തന്നെ ദ്രാവിഡ പ്രസ്ഥാനത്തിലെ നേതാക്കള്‍ പോലും ഭക്തന്മാരും അന്ധവിശ്വാസികളും (മഞ്ഞമുണ്ടുകാരും) ഒക്കെയായി ത്തീര്‍ന്നു. കൂടുതല്‍ ഉറപ്പുള്ള ഒരു ആധ്യാത്മികത കൊണ്ട് മാത്രമേ ബ്രാഹ്മണ മതത്തിന്റെ അധികാരത്തെ നേരിടാനാവൂ എന്നതായിരുന്നു പണ്ഡിതരുടെ വീക്ഷണം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് തമിഴ് കാവ്യ പാരമ്പ്ര്യത്തെ വളരെ വിശദമായിത്തന്നെ നിരൂപണ വിധേയമാക്കുകയാണ് അദ്ദേഹം. ദ്രാവിഡ പ്രസ്ഥാനത്തില്‍ ആഴത്തിലുള്ള തമിഴ് പാണ്ഡിത്യം ഉള്ള നേതാക്കള്‍ ആരുമില്ല. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും വായന വളരെ ഉപരിപ്ലവമാണ്. അതിനാല്‍ ചില്ലറ പ്രസംഗങ്ങളല്ലാതെ ശക്തമായ നിരൂപണ വായനകള്‍ ഒന്നും തന്നെ ഇതുവരെ ഇവരില്‍ നിന്നും തമിഴ് കാവ്യ പാരമ്പര്യത്തിന്റെ നേര്‍ക്ക് നടന്നിട്ടില്ല. ഇന്നുവരെ പ്രാബല്യത്തിലിരിക്കുന്ന വായനാ രീതി ശൈവപാരമ്പര്യത്തില്‍ നിന്ന് (വെള്ളാള പാരമ്പര്യം എന്നും പറയാം) ഉരുത്തിരിഞ്ഞു വന്നതാണ്. ഇതിന് ശക്തമായ ഒരു ആന്റി തിസീസായി വര്‍ത്തിക്കാനുള്ള ഉറപ്പ് പണ്ഡിതരുടെ വീക്ഷണത്തിനുണ്ട് എന്നതാണ് ഇപ്പോള്‍ വളരെയേറെ ശ്രദ്ധേയമായി തോന്നുന്നത്.
ജയമോഹന്‍
രണ്ടാമത്തെ കാര്യം കൂടുതല്‍ ദാര്‍ശനികമായ ഒന്നാണ്. ദളിതരുടെ മോചന ത്തിനായി നിരന്തരം പോരാടു മ്പോള്‍ തന്നെ അതിനെ യൊരു ജാതി ക്കാര്യമായി കാണാതിരിക്കാ നുള്ള വിവേകം പണ്ഡിതര്‍ ക്കുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചത് ചൂഷണം ചെയ്യു ന്നഉപരിവര്‍ഗത്തിന്റെ ആധ്യാത്മിക മായ, സാംസ്‌കാരികമായ നന്മക്ക് വേണ്ടിയും കൂടിയാണ്. ഇതിനാല്‍ ഒരു ജനതയുടെ നേതാവായിട്ടല്ല, തമിഴ് സംസ്‌കാര ത്തിന്റെ തന്നെ നേതാവായിട്ടാണ് അദ്ദേഹം ഇന്ന് കാണപ്പെടുന്നത്.
പണ്ഡിതരുടെ ചിന്തകളെ കൂടുതല്‍ വിശദമായി അടുത്ത ഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഒരു നിധി കുഴിച്ചെടുക്കുന്നതുപോലെ തമിഴ് ജനതയുടെ മഹാ പണ്ഡിത രിലൊരാളെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ കൃതികളിലൂടെ നാം കാണുന്നത് ജാതീയമായ വിവേചനത്തിലൂടെ തമിഴ് ജനത ഒതുക്കി പുറം തള്ളിയ ഒരു ജ്ഞാനിയെയാണ്. അദ്ദേഹത്തെ ആദരിക്കുകയും വീണ്ടും വീണ്ടും വായിച്ചെടുക്കുക യുമാണ് നാം ചെയ്യേണ്ടത്.
(ഇത് ഒരു കൃതി പഠനത്തിന്റെ ആദ്യ ഭാഗമാണ്.2000 സെപ്തംബര്‍-ഒക്‌ടോബര്‍ ലക്കം സംവാദം മസികയിലാണ് ജയമോഹനന്റെ ഈ പഠനം കൊടുത്തിട്ടുള്ളത്.രണ്ടാം ഭാഗം ഇപ്പോള്‍ കൈവശമില്ല.കൃതി ഇതാണ്-അയോത്തീ ദാസ പണ്ഡിതര്‍,അയോത്തീദാസ ചിന്തനൈകള്‍,രണ്ട് വാല്യം,ജ്ഞാന്‍ അലോഷ്യസ് (സമ്പാദകന്‍) തിരുനെല്‍വേലി, ഫോക് ലോര്‍ റിസര്‍ച്ച് സെന്റെര്‍, സെന്റ് സേവിയേഴ്‌സ് കോളേജ്, 1999. പുറം1420. വില 600 രൂപ.)

No comments:

Post a Comment