കേരള സാംബവസഭ (കെ.എസ്.എസ്)
സെക്രട്ടറിയേറ്റ് മാർച്ച്
2018 നവംബർ 28ന്
സുഹൃത്തേ,
മല്‍സരാധിഷ്ടിത ലോകത്ത് സമൂഹത്തിലെ ഇതര ജന വിഭാഗങ്ങള്‍ക്കൊപ്പം സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും എത്തിച്ചേരുന്നതിനും കരുത്താര്‍ജിക്കുന്നതിനും വേണ്ട ശക്തമായ സമരപോരാട്ടങ്ങളുടെ പാതയിലാണ് ശ്രീ. എ.സി.ബിനുകുമാര്‍ നേതൃത്വം നല്‍കുന്ന കേരള സാംബവസഭ. കലയും കരവിരുതും ജന്മസിദ്ധമായി ലഭിച്ച ഈ സമൂഹം പാരമ്പര്യതൊഴിലുകളുടെ തകര്‍ച്ചയും പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി രൂപപ്പെട്ടു വരുന്ന തൊഴില്‍ മേഖലകളില്‍ നേരിടുന്ന അവഗണനയും മൂലം അതിജീവനത്തിന് വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പട്ടികജാതി സമൂഹം പൊതുവിലും, സാംബവസമുദായം പ്രത്യേകിച്ചും, അനുഭവിച്ചുവരുന്ന സാമൂഹികസാഹചര്യങ്ങളെ മുന്‍ നിര്‍ത്തി കേരള സാംബവസഭ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിലേക്കു ഈ വരുന്ന നവംബര്‍ മാസം 28-ാം തീയതി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നതിന് സംഘടന തീരുമാനിച്ചിരിക്കുകയാണ്.
പ്രസ്തുത സമര പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ സമുദായാംഗങ്ങളുടേയും ഉല്‍പതിഷ്ണുക്കളായ എല്ലാ നല്ലവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
വിശ്വാസപൂര്വ്വംസമരസമിതിക്കുവേണ്ടി,
തിരുപുറം സുരേഷ് സുബാഷ് പുളിക്കല്‍
ജനറല്‍ കണ്‍വീനര്‍ ചെയര്‍മാന്‍
സംഘടന മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളെ സംബന്ധിച്ച സംഗ്രഹം ചുവടെ ചേര്‍ക്കുന്നു.
- പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന ജാതിവിവേചനം അതേ അളവിലും ആഴത്തിലും അനുഭവിച്ചുക്കൊണ്ടിരിക്കുന്ന വിഭാഗമാണ് പരിവര്‍ത്തിത ക്രൈസ്തവര്‍. എന്നാല്‍ ഗവണ്മെന്റിന്റെ സാമൂഹിക സേവന- ക്ഷേമ പദ്ധതികളുടെ ഗുണഫലം സംവരണ പരിരക്ഷകളുടെ പുറത്തായതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നില്ല.ഈ സാഹചര്യത്തില്‍ ഗവണ്മെന്റിന്റെ സേവനപദ്ധതികളുടെ ഗുണഫലം ലഭിക്കുന്ന തരത്തില്‍ പരിവര്‍ത്തിത ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക ഘടക പദ്ധതികള്‍ ആവിഷ്‌കരിക്കുക.
- കീര്‍ത്താഡ്‌സ് പിരിച്ചു വിട്ട് പകരം സംവിധാനം ഏര്‍പ്പെടുത്തുക.
- സര്‍ക്കാര്‍ സര്‍വ്വീസിലെ പട്ടികജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കാറ്റഗറി തിരിച്ച് വെളിപ്പെടുത്തുക. ഓരോ കാറ്റഗറിയിലെയും പ്രാതിനിധ്യക്കുറവ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴിയോ പ്രൊമോഷന്‍ വഴിയോ നികത്തുന്നതിന് നടപടി സ്വീകരിക്കുക.
- പൊതുഖജനാവില്‍ നിന്നും വേതനം കൊടുക്കുന്ന മുഴുവന്‍ തസ്തികകളിലും സംവരണ മാനദണ്ഡം പാലിക്കുക.
- കേരളീയ നവോത്ഥാന പ്രവര്‍ത്തന ചരിത്രത്തില്‍ അന്‍പത്തിയാറ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ച്, അവര്‍ണരില്‍ അറിവിന്റെ അക്ഷരക്കൂട്ട് നിറയ്ക്കുന്നതിന് അവസരം സൃഷ്ടിച്ച, ശ്രീ. കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ യജമാനന്റെ സ്മരണാര്‍ത്ഥം സ്മാരകം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇരുപത് സെന്റില്‍ കുറയാത്ത ഭൂമി കേരള സാംബവസഭയ്ക്ക് അനുവദിക്കുക.
- പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍, അതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡിന്റെ മാതൃകയില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുതുക്കി ലഭിക്കുന്ന നിലയ്ക്ക് കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തുക.
- കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ (ഞജഘ) അധിവസിച്ചു വരുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അഞ്ചു പേര്‍ വില്ലേജാഫീസില്‍ മൊഴി കൊടുക്കണമെന്ന കരിനിയമം റദ്ദ് ചെയ്യുക.
- സ്വാതിതിരുനാള്‍ സംഗീതകോളേജ്, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളുടേതു പോലെ നെയ്യാറ്റിന്‍കര വാസുദേവന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനം കേരള സാംബവ സഭയ്ക്ക് അനുവദിച്ച് നല്‍കുക.
- ബാംബൂ കോര്‍പ്പറേഷന്റെ നിര്‍മ്മാണ യൂണിറ്റുകള്‍ താലൂക്കടിസ്ഥാനത്തില്‍ സ്ഥാപിക്കുക.
- പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഭവനനിര്‍മ്മാണ പദ്ധതിയ്ക്കായുള്ള തുക പത്ത് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുക.
- പട്ടികജാതി-വര്‍ഗ്ഗ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ലഭിച്ചു വരുന്ന സ്റ്റൈപന്റ് 3000/- രൂപയായി വര്‍ദ്ധിപ്പിക്കുക.
- പട്ടികജാതി-വര്‍ഗ്ഗ പീഡന നിരോധന നിയമം കാര്യക്ഷമമായി നടപ്പിലാക്കുക.
- പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ജാതീയമായ അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് നിയമനിര്‍മ്മാണം നടത്തുക.
- മുഴുവന്‍ പട്ടികജാതി-വര്‍ഗ്ഗ പരിവര്‍ത്തിത ക്രൈസ്തവ കുടുംബങ്ങള്‍ക്കും ഒരേക്കറില്‍ കുറയാത്ത കൃഷിഭൂമി അനുവദിക്കുക.
- കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് കേരള സാംബവ സഭയുടെ പേരില്‍ അനുവദിക്കുക.
- ഉപജീവനത്തിന് വേണ്ടി ഈറ്റ ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചു വരുന്ന സാംബവ സമുദായ കുടുംബങ്ങള്‍ക്ക് വനത്തില്‍ നിന്നും ഈറ്റ ശേഖരിക്കുന്നതിന് അനുവാദം നല്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
- പട്ടികജാതി-വര്‍ഗ്ഗ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍, ദേശസാല്‍കൃതബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും എടുത്തിട്ടുള്ള 3 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുക.
എല്ലാ സാംബവ സഹോദരങ്ങളും വന്ന് പങ്കെടുക്കുക.
2018 നവംബർ 28ന് സെക്രട്ടറിയേറ്റ് പടിക്കൽ
കെ.എസ്.എസ്. സിന്ദാബാദ്
No comments:
Post a Comment